
നിനക്കെന്തു പറ്റി?.. ഇവിടെയീ ചൂടിന്റെ നീര്‍ത്തളത്തില്‍, എരിഞ്ഞടങ്ങുന്നൊരീ നെരിപ്പോടിതില്‍, കാലങ്ങളിലൂന്നുമീ കഴകക്കാരനോടാരൊക്കെയോ ചോദിക്കുമെന്നുമീ ചോദ്യം...
ഒരു നെഞ്ചില്‍ നിന്നിത്തിരി പഞ്ചാമൃതംനുണഞ്ഞമ്മയെന്നറിയാതെയുരുവിട്ടതും, പിന്നെയൊരു മുറ്റം കളിക്കളമാക്കി, അക്ഷരക്കൂട്ടങ്ങളില്‍ മുഖം കുത്തിയും, ഇടവഴിയിലൊഴുകും മഴവെള്ളവും, ബാല്യമൊഴുക്കിയ കടലാസുതോണിയും, പൊന്നണിപ്പാടവും നടവരമ്പും, ചിങ്ങക്കുളിരും നിലാമഴയും, പ്രണയത്തുടിപ്പുകളിലിറ്റുവീണ പുലരിത്തുടിപ്പും നിറസന്ധ്യയും, ഒരു പാഴ്കിനാവുപോലഴിഞ്ഞുപോകേ, നിശ്ചേഷ്ടനാമെന്നോടു ചൊദിച്ചതന്നും നിനക്കെന്തു പറ്റി...
ചന്ദനക്കൂട്ടും സാമ്പ്രാണിപ്പുകയും, പഴകിദ്രവിച്ച മന്ത്രാക്ഷരങ്ങളും, ഒഴിഞ്ഞടങ്ങുന്നൊരീ അകത്തളത്തില്‍, കുടിയേറിയെത്തും മുഖങ്ങളും, സാന്ത്വനച്ചിന്തുകളെറിയുന്ന നടവഴിയും, മാവിന്റെ കൊമ്പത്തു കുറുകി, മുറ്റത്തു കൊത്തിപ്പെറുക്കി, കല്പകച്ചോട്ടില്‍ പിടഞ്ഞുവീഴുന്നൊരുകാകനായി കാഴ്ചയില്‍ തിമിരമാകെ, ചൂടുള്ള മേനി പുണര്‍ന്നു നിന്നോരം കാതില്‍ മൊഴിഞ്ഞതോ, നിനക്കെന്തു പറ്റി...
ഒരു തുണ്ടു ഭൂമിക്കൊരു കൊച്ചു വീടിന്നു, കുട്ടികള്‍ക്കിത്തിരിയറിവിന്നായി, എന്‍ ജീവരക്തവുമൂറ്റി ഞാന്‍, നേടുന്നതൊക്കെയും വൃഥാവിലായോ? ഒക്കെയും വില്‍ക്കുന്ന നാട്, വിലപേശിയാര്‍ക്കുന്ന നാട്, ഒടുവിലൊരു ചൂതും ഇടിച്ചുപൊളിക്കലും പിന്നെയൊരു കുറ്റബോധത്തിണര്‍പ്പും, ഒക്കെക്കഴിയുമൊരാര്‍പ്പുവിളികളില്‍, അവരൊക്കെ കൈകോര്‍ത്തകന്നു പോകെ, നിതിപീഠങ്ങളും സംസ്കാര വേദിയും, തമ്മിലടിക്കുന്ന സിംഹാസനങ്ങളും, കൊണ്ടുചെന്നെത്തിക്കുമെന്നെയാ കൊമ്പത്തൊരുകയര്തുണ്ടില് തൂങ്ങിയാടാന്‍ മുഖങ്ങളില്‍നിന്നന്നുമീ ചോദ്യം, ഇങ്ങനെയാകാന്‍
നിനക്കെന്തു പറ്റി.....................!!!